
പുതുയുഗ കേരളം
പ്രവാസികൾക്കും പറയാനുണ്ട്....
മലയാളിയുടെ വിയർപ്പും കണ്ണീരും കൊണ്ട് നിർമ്മിക്കപ്പെട്ട കേരളത്തിന്റെ സമൃദ്ധിക്ക് പിന്നിൽ, ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ ത്യാഗത്തിന്റെ ചരിത്രമുണ്ട്. സ്വന്തം മണ്ണ് വിട്ട്, കുടുംബത്തെ പിരിഞ്ഞ്, അന്യദേശങ്ങളിൽ ജീവിതം പണിതുയർത്തിയ പ്രവാസി സഹോദരങ്ങൾ ഇന്ന് കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണ്. ഗൾഫ് മുതൽ യൂറോപ്പ് വരെ, അമേരിക്ക മുതൽ ആഫ്രിക്ക വരെ — ലോകത്തിന്റെ നാനാ കോണുകളിൽ നിന്ന് അവർ അയക്കുന്ന പണം കേരളത്തിന്റെ വികസനത്തെ ഊട്ടിവളർത്തുന്നു. എന്നിട്ടും, ആ കൈകൾക്ക് നൽകേണ്ട അംഗീകാരവും അവകാശ സംരക്ഷണവും ഇന്നും അപൂർണ്ണമായി തുടരുന്നു.
പ്രവാസ ജീവിതം ഒരിക്കലും എളുപ്പമല്ല. വിദേശ മണ്ണിൽ ചവിട്ടുന്ന ആദ്യ നിമിഷം മുതൽ അത് ഒരു നിശ്ശബ്ദ യുദ്ധമാണ്. ഭാഷ അറിയാത്ത നാട്ടിൽ, മുഖം തിരിച്ചറിയാത്ത ജനങ്ങൾക്കിടയിൽ, ഒറ്റയ്ക്ക് ജീവിതം കെട്ടിപ്പടുക്കുക എന്നത് ചെറിയ കാര്യമല്ല. കൊടും ചൂടിലും കൊടുംതണുപ്പിലും, ഉറക്കമൊഴിഞ്ഞ രാത്രികളിലും, ഉത്സവ ദിനങ്ങളിൽ പോലും ജോലി ചെയ്ത്, കുടുംബത്തിന്റെ സ്വപ്നങ്ങൾ ചുമലിലേറ്റി നടക്കുന്ന ഓരോ പ്രവാസിയും ഒരു മൗനധീരനാണ്. മക്കളുടെ ആദ്യ വാക്ക് കേൾക്കാൻ കഴിയാതെ, അച്ഛന്റെ അവസാന നിമിഷങ്ങളിൽ കൂടെയുണ്ടാകാൻ സാധിക്കാതെ, ഭാര്യയുടെ കണ്ണീർ തുടയ്ക്കാൻ അടുത്തില്ലാതെ — ഇങ്ങനെ നൂറായിരം ഹൃദയഭേദകമായ നിമിഷങ്ങൾ ഇറക്കിവെച്ചാണ് ഓരോ പ്രവാസിയും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ആ ത്യാഗത്തിന്റെ ആഴം അളക്കാൻ ഒരു കണക്കുപുസ്തകത്തിനും കഴിയില്ല. നാട്ടിൽ നിന്ന് വിദേശത്തേക്കുള്ള യാത്ര മുതൽ പ്രവാസിയുടെ പ്രശ്നം തുടങ്ങുന്നു. വിമാനടിക്കറ്റ് ലഭ്യത, അമിത നിരക്കുകൾ — ഇവ ആദ്യ ദിനം മുതൽ തന്നെ പ്രവാസിയെ വേട്ടയാടുന്നു. വിദേശത്ത് ജോലി ചെയ്യുന്ന കാലത്ത് ആവശ്യമായ രേഖകൾ ശേഖരിക്കാനോ, സർക്കാർ സേവനങ്ങൾ ഉപയോഗിക്കാനോ, നിയമ സഹായം തേടാനോ ഒരു ഫലപ്രദമായ സംവിധാനം ഇന്നും നിലവിലില്ല. നാട്ടിലോ ജോലി ചെയ്യുന്ന വിദേശത്തോ ഫാസ്റ്റ് ട്രാക്ക് നടപടികളോ ഒറ്റജാലക സൗകര്യങ്ങളോ ഇല്ലാത്തതിനാൽ, ലളിതമായ ഒരു രേഖ തയ്യാറാക്കാൻ പോലും പ്രവാസി ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നു.
നോർക്കയും പ്രവാസി ക്ഷേമ ബോർഡും നൽകുന്ന സേവനങ്ങൾ ഉദ്ദേശശുദ്ധിയോടെ ആരംഭിച്ചവയാണ് — എന്നാൽ യാഥാർത്ഥ്യത്തിൽ അവ പര്യാപ്തമല്ല, ശരിയായ രീതിയിൽ ലഭ്യവുമല്ല. തിരിച്ചുവരുന്ന പ്രവാസിക്ക് പുനരധിവാസം ഇല്ല, ആരോഗ്യ സംരക്ഷണം അപര്യാപ്തം, കുടുംബ സംരക്ഷണ പദ്ധതികൾ ദുർബലം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ലോക കേരള സഭയും എന്താണ് പ്രവാസിക്ക് നൽകിയത്? ബജറ്റിൽ പ്രവാസി പദ്ധതികൾക്ക് വിഹിതവും തുലോം കുറവ് തന്നെ.
ഈ അവസ്ഥ മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇനിയും മൗനം പാടില്ല — ഇത് നമ്മുടെ ഊഴമാണ്.
ഈ കാമ്പയിൻ ഒരു ജനകീയ മുന്നേറ്റമാണ്. ലോകമെങ്ങും ചിതറിക്കിടക്കുന്ന മലയാളി മനസ്സുകളെ ഒരു പൊതു ലക്ഷ്യത്തിനു ചുറ്റും അണിനിരത്തുന്ന ഒരു ചരിത്രപരമായ ശ്രമമാണിത്. നിങ്ങൾ അനുഭവിക്കുന്ന ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങളും, നിങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന പ്രതീക്ഷകളും ആഗ്രഹങ്ങളും — ഇവിടെ കുറിക്കുക. ഓരോ വാക്കും വിലപ്പെട്ടതാണ്. ഓരോ അനുഭവവും ഈ രേഖയുടെ ഭാഗമാകും. ഇങ്ങനെ ജനകീയമായി സമാഹരിക്കപ്പെടുന്ന പ്രശ്നങ്ങളും പ്രതീക്ഷകളും ഒരു ജനകീയ പ്രവാസി അവകാശ രേഖയായി ക്രോഡീകരിച്ച്, പുതിയ കേരള സർക്കാരിന്റെ മുന്നിൽ അർഹമായ ശക്തിയോടും അന്തസ്സോടും കൂടി സമർപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് ഒരു ഭരണകൂടത്തിനോടുള്ള അപേക്ഷ മാത്രമല്ല — ഇത് ഒരു ജനതയുടെ അന്തസ്സിന്റെ പ്രഖ്യാപനമാണ്.
പ്രവാസി സഹോദരങ്ങളേ —
കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കാൻ നിങ്ങൾ നൽകിയ സംഭാവന ചെറുതല്ല.. ഈ ജനകീയ ശ്രമത്തിൽ പങ്കാളിയാകൂ — നിങ്ങളുടെ ഒരൊറ്റ വാക്ക്, ഒരൊറ്റ അനുഭവം — നമ്മുടെ ശബ്ദമായി /പ്രവാസ ശബ്ദമായി മാറ്റത്തിന് തുടക്കം കുറിക്കാം!
